രാവണൻറെ സേവകനായ ശുകന്റെ പൂർവ്വ കഥ:
ലങ്കാപ്രവേശത്തെക്കുറിച്ചാലോചിച്ച് , പുഷ്കരിണീ തീരത്തിരിക്കുന്ന കപികുലജാലത്തിനുമുൻപിൽ ശുകൻ എന്ന രാത്രിഞ്ചരൻ വന്നു ചേർന്നു . രാവണദൂതനായെത്തിയ ശുകൻ കപികുലത്തെ തലങ്ങും വിലങ്ങും പുലഭ്യം പറഞ്ഞു . എന്നിട്ട് സുഗ്രീവനോടു പറയാൻ തുടങ്ങി : ശുകൻ സുഗ്രീവനോട് പറഞ്ഞു " എൻറെ പിതാവായ ദേവേന്ദ്രൻറെ പുത്രനായ ബാലിയുടെ സഹോദരനായതുകൊണ്ട് നീയെനിക്കു സഹോദരതുല്യനാണ് . അതുകൊണ്ട് , എൻറെ വാക്കുകൾ നീ കേട്ടു കൊൾക . അൽപപ്രാണിയായ മനുഷ്യൻറെ പടയാളികളായി വന്നിട്ടുള്ള നിനക്ക് എവിടെയാണ് ഒരു ജീവൽരക്ഷോപായമുള്ളത് . നിസ്സാരനായ മനുഷ്യനെവിടെ , രാത്രിഞ്ചരനും കൈലാസംപോലുമെടുത്ത് അമ്മാനമാടി ത്രിലോകം വിറപ്പിച്ച ശക്തനും ധീരനുമായ ദശമുഖനെവിടെ . അവൻറെ ദൃഷ്ടിയിൽപ്പെടാതെ എങ്ങോട്ടെങ്കിലും ഓടിപ്പോവുകയാണ് ഉചിതമായിട്ടുള്ളത് ." ഇത്രയും കേട്ടപാടെ സുഗ്രീവൻറെ ആജ്ഞാനുസരണം , കപിജാതികൾ ശുകനെ കടന്നുപിടിച്ച് , തലങ്ങും വിലങ്ങുമായി ആവോളം മർദ്ദിച്ചു . അശരണനായ ശുകൻ ശ്രീരാമദേവനെ വിളിച്ച് ദീനദീനം കരയുകയും രക്ഷിക്കേണമെന്ന് അപേക്ഷിക്കുകയും ...